Thursday, February 14, 2013

ഹാപ്പി വാലന്റൈന്‍!!!!!..

ഇതൊരു ചടങ്ങോ, കടമയോ നിയോഗമോ ആവാം!

ചിലപ്പോൾ ഉച്ചക്കിറുക്കുമായേക്കാം!

എല്ലാ പ്രണയ ദിനങ്ങളിലും,

പ്രണയ കൽപ്പനകളുടെ,

മധുരവും നിശ്വാസ നിബിഡവുമായ സ്മ്രുതി സങ്കല്പങ്ങളാൽ, 

എന്റെ എഴുത്തിടങ്ങൾ ഞാൻ കുത്തിക്കുറിക്കാറുണ്ട്!

ചിലപ്പോൾ വേദനയും, 

ചിലപ്പോൾ പുഞ്ചിരികളും പെയ്തൊഴിഞ്ഞു,

ധാരധാരയായി!

ഓർമകൾ ദീർഘനിശ്വാസങ്ങൾക്കു

കളം വരച്ചു!

പിന്നെന്തുണ്ടായി?

അപ്പോഴത്തേക്കും വാലന്റൈൻ കഴിഞ്ഞിരുന്നു!

Sunday, March 25, 2012

'ദി മൂവി', ഒരു ഹ്രസ്വ ചിത്രം


ക്യാമറയിലൂടെ കാഴ്ചകള്‍ കണ്ടു നടക്കവേ 
അയാള്‍ക്ക് തോന്നി,
ഒരു സിനിമ എടുക്കണമെന്ന്!

ആ സിനിമയാണ് ഇത്
സിനിമയുടെ പേരും അത് തന്നെ 
'ദി മൂവി'

Tuesday, February 14, 2012

വീണ്ടും വാലെന്റൈന്‍

എല്ലാ പ്രണയ ദിനങ്ങളിലും

ഒരു നേര്‍ച്ചയെന്ന പോലെ

ഞാന്‍ എഴുതിക്കൂട്ടിയത്

പ്രണയ കവിതകള്‍!



കഴിഞ്ഞു പോയ കാലങ്ങളിലെ

മധുര നിമിഷങ്ങളെ കുറിച്ചു

അവ എന്നെ ചില വരികളില്‍

ഗൃഹാതുരനാക്കി!



ചിലയിടങ്ങളില്‍

അവ എന്നെ കൈപ്പേറിയ

നഷ്ട ചിന്തകള്‍ കൊണ്ട്

വീര്‍പ്പു മുട്ടിച്ചു!



പ്രിയ വാലെന്റൈന്‍ പുണ്യവാളന്,

നീ എല്ലാ വര്‍ഷവും വിരുന്നിനെത്തുന്നു

ഒരു ചടങ്ങിനെന്ന പോലെ!



നിന്നെ കുറിച്ചുള്ള മധുര ഭാവനകള്‍

പക്ഷെ നീ വരും മുന്‍പ് വരെ മാത്രം!

നിന്റെ ദിനം കടന്നു പോവുമ്പോള്‍

പ്രണയ വിരഹത്തിന്റെ

വേദന ഞങ്ങള്‍ അറിയുന്നു!

Wednesday, December 28, 2011

പ്രണയം - ഒരു നിര്‍വചനം

മടുത്തു തുടങ്ങിയ മനീഷയില്‍ നിന്നും,
ശല്യപ്പെടുത്തിയ ചിന്താ ചക്രവാളങ്ങളില്‍ നിന്നും,
ഒരു മടക്കയാത്രക്കായി തുടങ്ങിയ തപസിന്
അന്ത്യമായി !


കമിതാവിന്റെ തീരാ വ്യഥയായ,
കാല്പനികതയുടെ തന്മയീഭാവമായ ,
ചിരായുവായ ഒന്നാണിക്കുറി എന്റെ വിഷയം,
അതേ, അത് പ്രണയം തന്നെ!


വിശദീകരണങ്ങള്‍ക്കോ വിവഷകള്‍ക്കോ,
വിചാരങ്ങള്‍ക്ക്‌ പോലുമോ
പിടികൊടുക്കാത്ത പ്രണയത്തെ,
സ്വന്തമായ രീതിയില്‍ നിര്‍വചിക്കുവാന്‍
ഈയുള്ളവന്‍ നടത്തുന്ന സാഹസം!


പ്രണയം!


അത് തോരാത്ത മഴയത്ത്,
ഹൃദ്യമായ തണുപ്പിനായുള്ള
കാത്തിരുപ്പ് പോലെയാണ്!


ചക്രവാള ചുവപ്പിന്റെ പൊന്പ്രഭയില്‍
നാം തിരയുന്ന മഴവില്ലിന്റെ
എട്ടാമത്തെ നിറമാണ് പ്രണയം!


വിഷാദം പാകിയ ചിന്താ പാതയില്‍
ശുഭപ്രതീക്ഷയോടെയുള്ള
കാത്തിരിപ്പിന്റെ പേരാണ് പ്രണയമെന്ന്!


അതോ,
കാഴ്ചകളുടെ ആപേക്ഷികതകളിലൂടെയുള്ള,
വീണ്ടുവിചാരമില്ലാതെയുള്ള യാത്രകള്‍ക്കിടയില്‍
നാം അറിയുന്ന, നമ്മെ അറിയുന്ന,
ഹൃദയ മിടിപ്പുകളുടെ സ്പന്ദന ഭൂമിയാണോ
പ്രണയം?


എനിക്കറിയില്ല! എനിക്കറിയില്ല!
എനിക്കറിയില്ല!

Sunday, August 7, 2011

ശുഭപ്രതീക്ഷയെക്കുറിച്ച്

ഇനി എന്റെ സ്വപ്‌നങ്ങള്‍ 
കരി നിറം വിതറുകില്ല 
അവയ്ക്കിനി സുവര്‍ണ നിറം മാത്രം 

ഇനി എന്റെ ചിന്തകളില്‍ 
വിഷാദം ഭീതി പടര്‍ത്തുകില്ല 
ആഹ്ലാദത്തിന്റെ മാന്ത്രികത്തേരുകള്‍ മാത്രം 

ഇനിയെനിക്ക് കരയാന്‍ 
കാരണങ്ങളില്ല 
ചിരിക്കാനുണ്ടൊത്തിരിയൊത്തിരി!

ഇനിയെന്റെ പ്രഭാതങ്ങള്‍ പൊന്പുലരികള്‍
ഇനിയെന്‍ ഹൃദയവും സ്വപ്ന തീഷ്ണം 

ഇനിയെന്റെ വഴികളില്‍ പുഷ്പാര്‍ച്ചന 
മുകളിലായ് വാനിന്റെ ശുഭ്ര ജ്യോതിസ് 


കദനങ്ങള്‍ വേവിച്ച കഥകളില്ല
കരളുകള്‍ കരയുന്ന വരികളില്ല


കമനി തന്‍ കവിളിലെ കവിത മാത്രം 
കനവുകള്‍ ഉണരുന്ന കവിത മാത്രം 

Saturday, July 23, 2011

എഴുത്തിന്റെ കഥ

പുഷ്പങ്ങളെക്കുറിച്ചും 
സ്വപ്നവാടികളെക്കുറിച്ചും 
എഴുതാന്‍ ഞാന്‍ 
കയ്യിലെടുത്തതെന്‍ പേന!

 ഉള്ളില്‍ തുളുമ്പിയതും 
പുറത്തേക്കൊഴുകിയതും 
ദുഃഖ സ്മൃതികള്‍!

നിറ പൌര്‍ണമിക്ക് പകരം 
അമാവാസി!

കറുത്ത സ്വപ്നങ്ങളുടെയും 
നിറം കെട്ട സങ്കല്പങ്ങളുടെയും 
കാവലാളായി ഞാന്‍!

കവിതയെഴുതാമെന്ന വ്യാമോഹവുമായി 
കുത്തിക്കുറിച്ചതത്രയും 
കെട്ടുകഥകള്‍!

വായനക്കാര്‍ പിന്തിരിയുന്നത് 
ഞാന്‍ കണ്ടു!

അനേകായിരം ദുഖങ്ങളുമായി
വരുന്നവരാണ് അവര്‍!

ചിരിക്കുവാനും സമാശ്വസിപ്പിക്കപ്പെടുവാനും 
ആയിട്ടാണ് അവര്‍ വരുക!

കണ്ണീരും വിഷാദവും മാത്രമേ 
നല്കാനെനിക്കുള്ളൂവെങ്കില്‍,
ആരീ വെറും ജല്പനങ്ങള്‍ക്ക് 
ചെവി കൊടുക്കുന്നു ?

Monday, July 18, 2011

ഒരു സന്ദേഹിയുടെ ആത്മഗതം

കുറച്ചു കാലം മുന്‍പ് വരെ 
ഞാന്‍ എഴുതി, 
വിഷാദം നിറഞ്ഞ വീഥികളിലൂടെ 
നടക്കുന്നതിനെക്കുറിച്ചോ,
സന്ധ്യാ നേരങ്ങളിലെ 
തീഷ്ണ വര്‍ണങ്ങളെ കുറിച്ചോ,
ഇനി അതുമല്ലെങ്കില്‍ 
തണുത്ത ഹിമാംശുക്കളില്‍ 
കൂട് കൂട്ടിയ 
എന്റെ സങ്കല്‍പ്പങ്ങളെ കുറിച്ചോ,
ആയിരുന്നു അവയേറെയും.

പിന്നീട് ഞാന്‍ ആഹ്ലാദത്തെ കുറിച്ച് 
വാചാലനായി.
പ്രണയ ദിനങ്ങള്‍ വരുവാന്‍ കാത്തിരുന്നു ,
എന്റെ ഇല്ലാത്ത പ്രണയത്തെക്കുറിച്ച്
എഴുതുവാന്‍.
സര്‍വകലാശാല വളപ്പിനുള്ളിലെ 
പൂമരങ്ങളോട് തോന്നിയ പ്രണയത്തെക്കുറിച്ച് 
ഞാന്‍ പറഞ്ഞു കഴിഞ്ഞു,
ഒരിക്കലല്ല, പല കുറി.

ഓണത്തലേന്നത്തെ പൂവിളികളെ കുറിച്ചും 
തുഷാരം നറുചിരി തൂകി നിന്ന
പൊന്‍ പുലരികളെ കുറിച്ചും 
നീളെ നീളെ വര്‍ണിക്കുവാന്‍ 
ഋതു സംക്രമങ്ങള്‍ക്കായി 
കാത്തിരിക്കുന്നു,
അത് ആണ്ടു കുമ്പസാരത്തിനുള്ള 
കാത്തിരിപ്പുകള്‍ക്ക് തുല്യം.

വെറുതെ കാത്തിരിക്കുവാനും 
ഒരു നേര്‍ച്ചയെന്ന പോലെ എഴുതുവാനും 
 എന്തിനാ ഒരു ബ്ലോഗ്‌ 
ഇത് ഡിലീറ്റ് ചെയ്തു കൂടെ?