Tuesday, February 19, 2019

അപൂർണമായ ഒരു അച്ഛനെഴുത്ത്!

എന്റെ കുഞ്ഞുമോൻ
അപ്പായുടെ നെഞ്ചിൽ പറ്റി
മിഴികൾ ചാരി ഉറങ്ങവേ
ചുറ്റുപാടുകളിൽ ചിത്രശലഭങ്ങൾ
പരിചിത വർണ്ണങ്ങളിൽ
പറന്നുയരും.
അച്ഛൻ മൂളുന്ന ഈരടികളുടെ
പതറിയ കരുതൽ ശബ്ദം
അപ്പോഴൊക്കെ പൊന്നുമോന്റെ
ഉറക്കുപാട്ട്‌ ആയി മാറും.
കൊച്ചുമെത്തയിൽ
അവനെ ശ്രദ്ധയോടെ തഴുകിക്കിടത്തി നിശബ്ദ പാദങ്ങളോടെ പിൻവാങ്ങവേ നിറങ്ങളും സ്വപ്നങ്ങളും
കുഞ്ഞുമോനെ ചുംബിച്ചുറക്കും.

എന്റെ പൊന്നുമോൻ ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ
വേർപ്പെട്ട ചിത്രശലഭ തുള്ളികൾ
അവനു വിട ചൊല്ലി മായും.
കണ്ണുകൾ മെല്ലെ തുറക്കവേ
പാറിയകലുന്ന നിറനഷ്ടങ്ങളെ
കണ്ടിട്ടാവാം ആ വിഷാദം!
കൈകളാൽ വാരിയെടുക്കവേ
പൊടിഞ്ഞുപോയ സ്വപ്നത്തുണ്ടുകളിൽ പ്രതിഷേധിച്ച്‌
ശലഭം പോൽ കൈകളിളക്കി വിളിയ്ക്കും
എൻ പൊന്നോമന.
അല്ലെങ്കിൽ പൊട്ടിയകന്ന ഏതോ പട്ടം പോലൊന്നിൻ നൂലിൽ പിടിച്ച്‌
നഷ്ട സ്വപ്നത്തെ തിരയുകയാവാം
അവൻ!

കാണാക്കിനാവുകൾക്കും
കേൾക്കാത്ത കഥകൾക്കുമായി
അമ്മ തന്നെ വേണമെന്നാവുമെൻ കണ്മണിയ്ക്ക്‌!
അമ്മക്കും അച്ഛനുമിടയിലെ
തോണിയായി കൈമാറി കളിയ്ക്കാം
എൻ പൊന്നുമോന്.
കുഞ്ഞിക്കളികളും കുഞ്ഞിച്ചിരികളും നിറച്ചുവോ കണ്ണുകളിൽ
ആനന്ദാശ്രുക്കൾ സഗദ്ഗദം!

കൗതുകത്തോടെ എന്നെ നോക്കി പൊന്നുമോൻ അഹ്ലാദത്താൽ ‌
മനം നിറഞ്ഞ്‌ ചിരിയ്ക്കവേ
അപ്പായുടെ ഹൃദയം
ഉരുകിയ ലോഹമായ്‌ മാറും.
ദശാബ്ദങ്ങളുടെ ക്ലാവ്‌ മൂടിയ മനോഗർത്തങ്ങളിലൂടെ ആ തിളപ്പ്‌ ചാലുകളിട്ടൊഴുകും.
ഭൂതകാലത്തിന്റെ കാളിമയുടെയും കാമനകളുടെയും മേൽ
ആ വെള്ളിക്കൂട്ട്‌ വന്നു മൂടി തിളക്കമുള്ളവയായ്‌ മാറ്റും.

കുഞ്ഞുമോനു നൽകും മറുമന്ദഹാസങ്ങൾ അച്ഛനായ്‌ നേടീ പുതിയൊരു
സൗഭാഗ്യ ലോകം.
ഓരോരോ കാഴ്ചകളിലും
പുത്തൻ കേൾവികളിലും
എൻ മകൻ നിർമ്മിക്കുന്നുണ്ടാവാം നിരവധിയാം
സമാന്തരപ്രപഞ്ചങ്ങൾ!

(സ്വോഡ്സ്‌ മുതൽ ഡബ്ലിൻ വരെയും അവിടെ നിന്ന് ഡംഗാർവൻ വരെയുമുള്ള  ബസ്‌ യാത്രകളിൽ‌ എഴുതി‌യത്‌‌)

No comments: