Monday, July 18, 2011

ഒരു സന്ദേഹിയുടെ ആത്മഗതം

കുറച്ചു കാലം മുന്‍പ് വരെ 
ഞാന്‍ എഴുതി, 
വിഷാദം നിറഞ്ഞ വീഥികളിലൂടെ 
നടക്കുന്നതിനെക്കുറിച്ചോ,
സന്ധ്യാ നേരങ്ങളിലെ 
തീഷ്ണ വര്‍ണങ്ങളെ കുറിച്ചോ,
ഇനി അതുമല്ലെങ്കില്‍ 
തണുത്ത ഹിമാംശുക്കളില്‍ 
കൂട് കൂട്ടിയ 
എന്റെ സങ്കല്‍പ്പങ്ങളെ കുറിച്ചോ,
ആയിരുന്നു അവയേറെയും.

പിന്നീട് ഞാന്‍ ആഹ്ലാദത്തെ കുറിച്ച് 
വാചാലനായി.
പ്രണയ ദിനങ്ങള്‍ വരുവാന്‍ കാത്തിരുന്നു ,
എന്റെ ഇല്ലാത്ത പ്രണയത്തെക്കുറിച്ച്
എഴുതുവാന്‍.
സര്‍വകലാശാല വളപ്പിനുള്ളിലെ 
പൂമരങ്ങളോട് തോന്നിയ പ്രണയത്തെക്കുറിച്ച് 
ഞാന്‍ പറഞ്ഞു കഴിഞ്ഞു,
ഒരിക്കലല്ല, പല കുറി.

ഓണത്തലേന്നത്തെ പൂവിളികളെ കുറിച്ചും 
തുഷാരം നറുചിരി തൂകി നിന്ന
പൊന്‍ പുലരികളെ കുറിച്ചും 
നീളെ നീളെ വര്‍ണിക്കുവാന്‍ 
ഋതു സംക്രമങ്ങള്‍ക്കായി 
കാത്തിരിക്കുന്നു,
അത് ആണ്ടു കുമ്പസാരത്തിനുള്ള 
കാത്തിരിപ്പുകള്‍ക്ക് തുല്യം.

വെറുതെ കാത്തിരിക്കുവാനും 
ഒരു നേര്‍ച്ചയെന്ന പോലെ എഴുതുവാനും 
 എന്തിനാ ഒരു ബ്ലോഗ്‌ 
ഇത് ഡിലീറ്റ് ചെയ്തു കൂടെ?