Friday, December 9, 2016

ഫ്ലാഷ്ബാക്ക്

തിരിഞ്ഞു നോട്ടങ്ങള്‍ പലവുരു നടന്നു
അതിലൊരു നോക്കില്‍ അയാള്‍ സ്വയം ചോദിച്ചു
എവിടെയായിരുന്നു ആ സ്ഥലം?
ഒരിക്കല്‍ നഷ്ടപ്പെട്ട,
കഥകളും ചിത്രങ്ങളും ഒരായിരം പ്രാവശ്യം എഴുതപ്പെട്ട,
സ്വപ്നാടനങ്ങളുടെ പഴയ സ്ഥലം?

ചിന്തകളില്‍ നിന്നും സ്ഥലങ്ങള്‍ ദ്രവിച്ചു തീര്‍ന്നപ്പോള്‍
കവിതകള്‍ കുത്തിക്കുറിക്കപ്പെടാതിരുന്നു!
അവ നേരമ്പോക്കുകള്‍ക്ക് വിവിധ മാനങ്ങള്‍ നല്‍കി!
കറുത്ത സ്വപ്നങ്ങള്‍ക്ക് മിഴിവുണ്ടായില്ല!
സ്വപ്നങ്ങളില്‍ ഇടിമിന്നലുകള്‍ പെയ്തിറങ്ങിയില്ല!
ചിത്രങ്ങളില്‍ ചായപ്പൊലിമ മിഴിവേകിയില്ല!
സംഗീതം ചെകിടടപ്പിച്ചു കളഞ്ഞു!

എന്താണെന്നോ എന്തിനെന്നോ അറിയില്ല,
ഒടുവില്‍ അയാള്‍ ഫ്ലാഷ്ബാക്കുകള്‍ നടത്താന്‍ തീരുമാനിച്ചു!
നഷ്ട നിമിഷങ്ങളുടെ ചക്രവാളത്തില്‍ ഓര്‍മ്മകള്‍ അയാളെ കൊണ്ട് ചെന്നെത്തിച്ചു!

അവിടെ മുഴുക്കെ പുത്തന്‍ സ്വപ്‌നങ്ങള്‍!
ആ സ്വപ്നങ്ങളില്‍ കടുംചായം നിറഞ്ഞു!
വര്‍ണങ്ങളില്‍ ഹരിതമായിരുന്നു കൂടുതല്‍ ശോഭനം!
അതില്‍ തന്നെ ചുവന്ന ഷേഡുള്ള പൂന്തളിരുകള്‍!
കവിതകള്‍ കുത്തിക്കുറിക്കപ്പെട്ടു കഴിഞ്ഞു.
ആ എഴുത്തുകുത്തുകളില്‍ നിന്നും ഉതിര്‍ന്നത്
നെര്‍വുകള്‍ ഉരുകുന്ന നേരിയ ഗന്ധം!
മുഴുക്കെ ഉരുകിയിട്ടും,
ഗന്ധമുറങ്ങുന്ന ചിന്താകമാനം തുറക്കപ്പെടാതെ തന്നെ കിടന്നു!

Tomz 

Saturday, September 21, 2013

പ്രണയത്തിന്റെ നാല് ദിനങ്ങൾ

ഒന്നാം ദിവസം

ഒരിക്കൽ നീ വന്നു 
ഒരു പ്രഭാതത്തിൽ _
ഉറവ വറ്റിയ എന്റെ കാവ്യ ഭാവനകൾക്കും 
ഉറക്കം തൂങ്ങിയ കണ്ണുകൾക്കും  മുന്പിലായി
മഞ്ഞിൻ  മേലാപ്പ് പോലെ നീ നിന്നു.
എന്റെ ഉള്ളിൽ ചത്തൊടുങ്ങിക്കൊണ്ടിരുന്ന പ്രണയത്തിന്റെ അനുരണനങ്ങൾക്ക് നീ പുതുജീവൻ പകർന്നു..
ഹൃദയത്തിന്റെ ഉള്ളറകളിലെ,
ചിലന്തി വല കെട്ടിയ ജനാലയഴികളിൽ നിന്നും
പ്രണയത്തിന്റെ അവശേഷിപ്പുകളെ നീ കണ്ടെടുത്തു..

വരണ്ട ഋതുക്കൾക്ക് സമാപ്തിയായി!
ഇനി എന്നും വസന്തം!

രണ്ടാം ദിവസം

ഉറങ്ങുമ്പോൾ ഞാൻ നിന്റെ കണ്ണുകളെ സ്വപ്നം കാണുന്നു.

ഉറക്കമെഴുന്നേൽക്കുമ്പോൾ, നിന്റെ മുഖം, എന്റെ മുൻപിൽ ചിത്രമായ്‌ തെളിയുന്നു,
കണ്ണുകൾ ഒന്ന് ചിമ്മി അടച്ചാൽ നീ കണ്മുൻപിൽ വന്നു മന്ദഹസിക്കുന്നു.
 അപ്പോൾ,  നിന്റെ ശബ്ദം എന്റെ കാതുകളിൽ ഇമ്പമായി നിറയുന്നു.
നിന്റെ സുഗന്ധം, എനിക്കു ശ്വസിച്ചെടുക്കാൻ കഴിയുന്നു.
നിന്റെ സ്പർശനം, ഓരോ അണുവിലും ഞാൻ തൊട്ടറിയുന്നു.
കണ്ണുകൾ തുറക്കുമ്പോഴൊ, 
നീ പൊയ് മറയുന്നു.
നിന്നെക്കുറിച്ചുള്ള    സുഗന്ധവാഹികളായ ഓർമകൾ മാത്രം വിഷാദം പൊഴിച്ച് കൊണ്ട് നില്ക്കുന്നു.
എന്റെ പ്രിയേ, നീ എന്തിനാണ് എന്നെ ഇങ്ങനെ അസ്വസ്ഥനാക്കുന്നത്?

മൂന്നാം ദിവസം 

എഴുതട്ടെ ഞാൻ ഒരിക്കൽക്കൂടി?

എന്റെ പ്രണയിനിയെക്കുറിച്ച്!
അവൾ തിരിച്ച് തരാതെ
പുറം കാൽ കൊണ്ട് ചവിട്ടിത്തെറിപ്പിച്ച
എന്റെ നഷ്ട പ്രണയത്തെക്കുറിച്ച്?

നിന്റെ പ്ലാസ്റ്റിക്ക്  ഷൂവിന്റെ
മുനയുള്ള വക്കിനാൽ ചവിട്ടേറ്റ്
എന്റെ ഹൃദയം നീറുന്ന നീറ്റലിനെക്കുറിച്ച് ?
എന്റെ പ്രണയത്തെ നീ പരിഹാസപൂർവ്വം നിഷേധിച്ചു!
വേദനയോടെ എന്റെ ഹ്രുദയം
നിന്റെ പരിഹാസത്തിനുമുൻപിൽ 
ചത്തു വീണു.

നിന്റെ ക്രൗര്യം എന്നെ നിശബ്ദനാക്കിക്കളഞ്ഞു!
മനംമയക്കുന്ന പുഞ്ചിരികൾ എന്നിലേക്കെറിഞ്ഞ് 
എന്റെ ഹൃദയത്തെ നീ തടവിലാക്കി!
എന്നെ കാര്ന്നു തിന്ന സ്നേഹരാഹിത്യത്തിന്റെ സീമയിലേക്കു 
പ്രണയവും പുഞ്ചിരിയുമായാണ്‌ നീ വന്നത്!
നീ നെയ്ത മുള്ളുകൾ നിറഞ്ഞ വലയിൽ കിടന്നു 
എന്റെ ഹൃദയം വേദനിച്ച് നുറുങ്ങി.
രക്തം ചുവന്ന മുറിവുകളിൽ 
പുണ്ണുകൾ പടർന്ന് കയറി!
വേദനിച്ചു കരയുന്ന എന്റെ ഹൃദയത്തിനു നേരെ 
നീ സ്നേഹത്തിന്റെ വാതിലുകൾ കൊട്ടിയടച്ചു!
ഒരു ചിരിയോ, നോട്ടമോ സമ്മാനിക്കാതെ 
നീ നിന്റേതായ ഇഷ്ടങ്ങളിലേക്കു വലതുകാൽ വച്ചു കയറി!

നാലാം ദിവസം 

എവിടെ എന്റെ  സ്നേഹിത എന്ന ചോദ്യത്തിനു മുന്നില് 
എനിക്കുത്തരം മുട്ടി !
ആരാണത് എന്ന് ഞാൻ മറുചോദ്യം ചോദിച്ചു !
അതൊരു കള്ളമായിരുന്നു !
അവളെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ 
മരിച്ചെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു.
ആ ചിന്തകള് എന്നെ ശ്വാസം മുട്ടിച്ചു.
എന്റെ ഉണങ്ങി വരണ്ട ഹൃദയത്തിന്റെ 
മാറാല പിടിച്ച കോണുകളിൽ പക്ഷെ ഇന്നും ഞാൻ പരതാറുണ്ട്.
അവിടെ ഒരു ചിത കത്തുന്നു.
അവളുടെ ഓർമകളുടെ ചിത!
പൊടിപിടിച്ച ജനാലപ്പഴുതുകളിലൂടെ അതിന്റെ പുക 
മൂക്കിലേക്കടിക്കുമ്പോൾ ഞാൻ തിരിഞ്ഞു നടക്കും.
നഷ്ടപ്രണയത്തിന്റെ ഓർമകളോട് 
വിട പറയാൻ മനസ്സില്ലാതെ, എന്നും!

Tomz

Thursday, February 14, 2013

ഹാപ്പി വാലന്റൈന്‍!!!!!..

ഇതൊരു ചടങ്ങോ, കടമയോ നിയോഗമോ ആവാം!

ചിലപ്പോൾ ഉച്ചക്കിറുക്കുമായേക്കാം!

എല്ലാ പ്രണയ ദിനങ്ങളിലും,

പ്രണയ കൽപ്പനകളുടെ,

മധുരവും നിശ്വാസ നിബിഡവുമായ സ്മ്രുതി സങ്കല്പങ്ങളാൽ, 

എന്റെ എഴുത്തിടങ്ങൾ ഞാൻ കുത്തിക്കുറിക്കാറുണ്ട്!

ചിലപ്പോൾ വേദനയും, 

ചിലപ്പോൾ പുഞ്ചിരികളും പെയ്തൊഴിഞ്ഞു,

ധാരധാരയായി!

ഓർമകൾ ദീർഘനിശ്വാസങ്ങൾക്കു

കളം വരച്ചു!

പിന്നെന്തുണ്ടായി?

അപ്പോഴത്തേക്കും വാലന്റൈൻ കഴിഞ്ഞിരുന്നു!

Sunday, March 25, 2012

'ദി മൂവി', ഒരു ഹ്രസ്വ ചിത്രം


ക്യാമറയിലൂടെ കാഴ്ചകള്‍ കണ്ടു നടക്കവേ 
അയാള്‍ക്ക് തോന്നി,
ഒരു സിനിമ എടുക്കണമെന്ന്!

ആ സിനിമയാണ് ഇത്
സിനിമയുടെ പേരും അത് തന്നെ 
'ദി മൂവി'

Tuesday, February 14, 2012

വീണ്ടും വാലെന്റൈന്‍

എല്ലാ പ്രണയ ദിനങ്ങളിലും

ഒരു നേര്‍ച്ചയെന്ന പോലെ

ഞാന്‍ എഴുതിക്കൂട്ടിയത്

പ്രണയ കവിതകള്‍!കഴിഞ്ഞു പോയ കാലങ്ങളിലെ

മധുര നിമിഷങ്ങളെ കുറിച്ചു

അവ എന്നെ ചില വരികളില്‍

ഗൃഹാതുരനാക്കി!ചിലയിടങ്ങളില്‍

അവ എന്നെ കൈപ്പേറിയ

നഷ്ട ചിന്തകള്‍ കൊണ്ട്

വീര്‍പ്പു മുട്ടിച്ചു!പ്രിയ വാലെന്റൈന്‍ പുണ്യവാളന്,

നീ എല്ലാ വര്‍ഷവും വിരുന്നിനെത്തുന്നു

ഒരു ചടങ്ങിനെന്ന പോലെ!നിന്നെ കുറിച്ചുള്ള മധുര ഭാവനകള്‍

പക്ഷെ നീ വരും മുന്‍പ് വരെ മാത്രം!

നിന്റെ ദിനം കടന്നു പോവുമ്പോള്‍

പ്രണയ വിരഹത്തിന്റെ

വേദന ഞങ്ങള്‍ അറിയുന്നു!

Wednesday, December 28, 2011

പ്രണയം - ഒരു നിര്‍വചനം

മടുത്തു തുടങ്ങിയ മനീഷയില്‍ നിന്നും,
ശല്യപ്പെടുത്തിയ ചിന്താ ചക്രവാളങ്ങളില്‍ നിന്നും,
ഒരു മടക്കയാത്രക്കായി തുടങ്ങിയ തപസിന്
അന്ത്യമായി !


കമിതാവിന്റെ തീരാ വ്യഥയായ,
കാല്പനികതയുടെ തന്മയീഭാവമായ ,
ചിരായുവായ ഒന്നാണിക്കുറി എന്റെ വിഷയം,
അതേ, അത് പ്രണയം തന്നെ!


വിശദീകരണങ്ങള്‍ക്കോ വിവഷകള്‍ക്കോ,
വിചാരങ്ങള്‍ക്ക്‌ പോലുമോ
പിടികൊടുക്കാത്ത പ്രണയത്തെ,
സ്വന്തമായ രീതിയില്‍ നിര്‍വചിക്കുവാന്‍
ഈയുള്ളവന്‍ നടത്തുന്ന സാഹസം!


പ്രണയം!


അത് തോരാത്ത മഴയത്ത്,
ഹൃദ്യമായ തണുപ്പിനായുള്ള
കാത്തിരുപ്പ് പോലെയാണ്!


ചക്രവാള ചുവപ്പിന്റെ പൊന്പ്രഭയില്‍
നാം തിരയുന്ന മഴവില്ലിന്റെ
എട്ടാമത്തെ നിറമാണ് പ്രണയം!


വിഷാദം പാകിയ ചിന്താ പാതയില്‍
ശുഭപ്രതീക്ഷയോടെയുള്ള
കാത്തിരിപ്പിന്റെ പേരാണ് പ്രണയമെന്ന്!


അതോ,
കാഴ്ചകളുടെ ആപേക്ഷികതകളിലൂടെയുള്ള,
വീണ്ടുവിചാരമില്ലാതെയുള്ള യാത്രകള്‍ക്കിടയില്‍
നാം അറിയുന്ന, നമ്മെ അറിയുന്ന,
ഹൃദയ മിടിപ്പുകളുടെ സ്പന്ദന ഭൂമിയാണോ
പ്രണയം?


എനിക്കറിയില്ല! എനിക്കറിയില്ല!
എനിക്കറിയില്ല!

Sunday, August 7, 2011

ശുഭപ്രതീക്ഷയെക്കുറിച്ച്

ഇനി എന്റെ സ്വപ്‌നങ്ങള്‍ 
കരി നിറം വിതറുകില്ല 
അവയ്ക്കിനി സുവര്‍ണ നിറം മാത്രം 

ഇനി എന്റെ ചിന്തകളില്‍ 
വിഷാദം ഭീതി പടര്‍ത്തുകില്ല 
ആഹ്ലാദത്തിന്റെ മാന്ത്രികത്തേരുകള്‍ മാത്രം 

ഇനിയെനിക്ക് കരയാന്‍ 
കാരണങ്ങളില്ല 
ചിരിക്കാനുണ്ടൊത്തിരിയൊത്തിരി!

ഇനിയെന്റെ പ്രഭാതങ്ങള്‍ പൊന്പുലരികള്‍
ഇനിയെന്‍ ഹൃദയവും സ്വപ്ന തീഷ്ണം 

ഇനിയെന്റെ വഴികളില്‍ പുഷ്പാര്‍ച്ചന 
മുകളിലായ് വാനിന്റെ ശുഭ്ര ജ്യോതിസ് 


കദനങ്ങള്‍ വേവിച്ച കഥകളില്ല
കരളുകള്‍ കരയുന്ന വരികളില്ല


കമനി തന്‍ കവിളിലെ കവിത മാത്രം 
കനവുകള്‍ ഉണരുന്ന കവിത മാത്രം