ഒരു പ്രണയ ദിനം കൂടി...
കടന്നു വന്ന വഴിത്താരകളില്‍
സാക്ഷ്യമായി നിന്ന
മധുരം കിനിഞ്ഞതും വരള്‍ച്ച നിറഞ്ഞതുമായ
പ്രണയത്തിന്റെ
വിഭിന്ന ഭാഷ്യങ്ങളിലേക്ക്
ഒരു തിരിഞ്ഞു നോട്ടമാകട്ടെ ഇക്കുറി!
എന്നായിരുന്നു ഞാന്‍
ആദ്യമായി പ്രണയിച്ചു തുടങ്ങിയത്..?
ഓര്‍മയില്ല !
ഏതോ ഒരു അവധി ദിനത്തില്‍
കോളേജ് കാമ്പസിന്റെ ഇടനാഴികളിലൂടെ
തൂണുകളോട് സൊറ പറഞ്ഞു നടക്കവേ
ശൂന്യമായ ക്ലാസ് മുറികളില്‍
തിങ്ങി നിറഞ്ഞിരുന്ന
നിശബ്ദതയോട് ആയിരുന്നിരിക്കാം
എനിക്കാദ്യ പ്രണയം തോന്നിയത്..
പിന്നീട്..
യൂണിവേഴ്സിറ്റിയുടെ അകത്തളങ്ങളില്‍
തങ്ങിനിന്നിരുന്ന വരണ്ട വായുവിനെ
സുഗന്ധപൂരിതമാക്കിക്കൊണ്ട്
പാതയോരങ്ങളില്‍ അങ്ങുമിങ്ങും
പൂക്കള്‍ വിതറി നിന്നിരുന്ന
പൂമരങ്ങളോട്
എപ്പോഴോ എനിക്ക് പ്രണയം തോന്നി തുടങ്ങി..
ലൈബ്രറിയുടെ നീണ്ട ഇടനാഴികളിലൂടെ
വിക്ടോറിയന്‍ കഥകളെയും,
സ്വപ്‌നങ്ങള്‍ നീണ്ടു പരന്നു കിടന്നിരുന്ന
വിഭ്രമാത്മക സാഹിത്യത്തെയും
ഷെയിക്സ്പിയറിനെയും എം ടിയെയും ബഷീറിനെയും
പടിഞ്ഞാറന്‍ അപസര്‍പ്പക കഥാപാത്രങ്ങളെയും
ഓ എന്‍ വിയേയും പിന്നെ യതിയേയും
തേടി നടന്നപ്പോള്‍
പൊടി നിറഞ്ഞ പുസ്തകങ്ങളില്‍ നിന്നുമുയര്‍ന്ന
പഴമയുടെ ഗന്ധത്തെയും ഞാന്‍ അറിയാതെ പ്രേമിച്ചു...
പരീക്ഷഹാളുകളില്‍ കട്ടപിടിച്ചു നിന്നിരുന്ന
തെല്ലു ഭീതി നിറഞ്ഞ
കടലാസുകളുടെ കിലുകിലാരവവുമായും
കുശുകുശുപ്പുകളുമായും
എന്നേ പ്രണയത്തില്‍ ഞാന്‍ വീണു കഴിഞ്ഞിരുന്നുവെന്ന്
പിന്നീടെപ്പോഴോ മാത്രമായിരുന്നു
ഞാന്‍ മനസ്സിലാക്കിയത്...
ഓഫീസ് മുറികളുടെ ഡെഡ് ലൈനുകള്‍ക്ക് മുന്‍പ്
സമ്മര്‍ദ്ദം നിറഞ്ഞ അവസാന നിമിഷങ്ങളിലെ
കൂട്ടപ്പൊരിച്ചിലുകള്‍ക്കിടയില്‍
ജനല്‍ വഴി കടന്നെത്തിയ
വരണ്ട കാറ്റുമായി എങ്ങനെയാണ്
ഞാന്‍ പ്രണയത്തിലായത് എന്ന്
ഇന്നും അദ്ഭുതത്തോടെ ഓര്‍മ്മിക്കുന്നു....
അക്ഷമ നിറഞ്ഞ കാത്തുനില്‍പ്പുകളെയും
ജീവിത യാഥാര്‍ത്യങ്ങളുടെ തിരിച്ചറിവിന്റെ
സൗന്ദര്യത്തെയും
ആത്മാര്‍ഥമായി ഞാന്‍ സ്നേഹിച്ചു..
പള്ളിമണികള്‍ക്കുമുണ്ടായിരുന്നു സൗന്ദര്യം!
വെയില്‍ നിറഞ്ഞ ദിനങ്ങളിലെ
മടുപ്പിക്കുന്ന യാത്രകളെയും
മഴപിടിച്ച സായന്തനങ്ങളില്‍
കുളിരണിയിക്കുന്ന മഴത്തുള്ളികളുടെ
മൃദുഗാന വീചികളെയും
ഞാന്‍ അറിയാതെ പ്രേമിച്ചു പോയി..
അങ്ങനെയങ്ങനെ ഒരുപാടുണ്ടായിരുന്നു
എനിക്ക് പ്രണയങ്ങള്‍...
പക്ഷെ,
ഇന്നും തടസ്സമില്ലാതെ തുടരുന്ന
ഒന്നേയുള്ളൂ...
ഓര്‍മകളുമായുള്ള പ്രണയം!
(ഈ കവിത ഞാന്‍ ചൊല്ലുവാന്‍ ശ്രമിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് താഴെ കേള്‍ക്കാവുന്നതാണ്.)