Monday, February 14, 2011

എന്‍റെ പ്രണയങ്ങള്‍


ഒരു പ്രണയ ദിനം കൂടി...

കടന്നു വന്ന വഴിത്താരകളില്‍
സാക്ഷ്യമായി നിന്ന
മധുരം കിനിഞ്ഞതും വരള്‍ച്ച നിറഞ്ഞതുമായ 
പ്രണയത്തിന്റെ
വിഭിന്ന ഭാഷ്യങ്ങളിലേക്ക്
ഒരു തിരിഞ്ഞു നോട്ടമാകട്ടെ ഇക്കുറി!

എന്നായിരുന്നു ഞാന്‍
ആദ്യമായി പ്രണയിച്ചു തുടങ്ങിയത്..?
ഓര്‍മയില്ല !

ഏതോ ഒരു അവധി ദിനത്തില്‍
കോളേജ് കാമ്പസിന്റെ ഇടനാഴികളിലൂടെ
തൂണുകളോട് സൊറ പറഞ്ഞു നടക്കവേ
ശൂന്യമായ ക്ലാസ് മുറികളില്‍
തിങ്ങി നിറഞ്ഞിരുന്ന
നിശബ്ദതയോട് ആയിരുന്നിരിക്കാം
എനിക്കാദ്യ പ്രണയം തോന്നിയത്..

പിന്നീട്..
യൂണിവേഴ്സിറ്റിയുടെ അകത്തളങ്ങളില്‍ 
തങ്ങിനിന്നിരുന്ന വരണ്ട വായുവിനെ 
സുഗന്ധപൂരിതമാക്കിക്കൊണ്ട് 
പാതയോരങ്ങളില്‍ അങ്ങുമിങ്ങും 
പൂക്കള്‍ വിതറി നിന്നിരുന്ന 
പൂമരങ്ങളോട് 
എപ്പോഴോ എനിക്ക് പ്രണയം തോന്നി തുടങ്ങി..

ലൈബ്രറിയുടെ നീണ്ട ഇടനാഴികളിലൂടെ 
വിക്ടോറിയന്‍ കഥകളെയും, 
സ്വപ്‌നങ്ങള്‍ നീണ്ടു പരന്നു കിടന്നിരുന്ന 
വിഭ്രമാത്മക സാഹിത്യത്തെയും
ഷെയിക്സ്പിയറിനെയും എം ടിയെയും ബഷീറിനെയും 
പടിഞ്ഞാറന്‍ അപസര്‍പ്പക കഥാപാത്രങ്ങളെയും 
ഓ എന്‍ വിയേയും പിന്നെ യതിയേയും 
തേടി നടന്നപ്പോള്‍ 
പൊടി നിറഞ്ഞ പുസ്തകങ്ങളില്‍ നിന്നുമുയര്‍ന്ന
പഴമയുടെ ഗന്ധത്തെയും ഞാന്‍ അറിയാതെ പ്രേമിച്ചു...

പരീക്ഷഹാളുകളില്‍  കട്ടപിടിച്ചു നിന്നിരുന്ന  
തെല്ലു ഭീതി നിറഞ്ഞ 
കടലാസുകളുടെ കിലുകിലാരവവുമായും  
കുശുകുശുപ്പുകളുമായും
 എന്നേ പ്രണയത്തില്‍ ഞാന്‍ വീണു കഴിഞ്ഞിരുന്നുവെന്ന്  
പിന്നീടെപ്പോഴോ മാത്രമായിരുന്നു 
ഞാന്‍ മനസ്സിലാക്കിയത്...

ഓഫീസ് മുറികളുടെ ഡെഡ് ലൈനുകള്‍ക്ക് മുന്‍പ് 
സമ്മര്‍ദ്ദം നിറഞ്ഞ അവസാന നിമിഷങ്ങളിലെ 
കൂട്ടപ്പൊരിച്ചിലുകള്‍ക്കിടയില്‍ 
ജനല്‍ വഴി കടന്നെത്തിയ 
വരണ്ട കാറ്റുമായി എങ്ങനെയാണ് 
ഞാന്‍ പ്രണയത്തിലായത് എന്ന് 
ഇന്നും അദ്ഭുതത്തോടെ ഓര്‍മ്മിക്കുന്നു....

അക്ഷമ നിറഞ്ഞ കാത്തുനില്‍പ്പുകളെയും 
ജീവിത യാഥാര്‍ത്യങ്ങളുടെ തിരിച്ചറിവിന്റെ
 സൗന്ദര്യത്തെയും 
ആത്മാര്‍ഥമായി ഞാന്‍ സ്നേഹിച്ചു..

പള്ളിമണികള്‍ക്കുമുണ്ടായിരുന്നു സൗന്ദര്യം!
വെയില്‍ നിറഞ്ഞ ദിനങ്ങളിലെ 
മടുപ്പിക്കുന്ന യാത്രകളെയും 
മഴപിടിച്ച സായന്തനങ്ങളില്‍ 
കുളിരണിയിക്കുന്ന മഴത്തുള്ളികളുടെ 
 മൃദുഗാന വീചികളെയും 
ഞാന്‍ അറിയാതെ പ്രേമിച്ചു പോയി..

അങ്ങനെയങ്ങനെ ഒരുപാടുണ്ടായിരുന്നു 
എനിക്ക് പ്രണയങ്ങള്‍...

പക്ഷെ,
ഇന്നും തടസ്സമില്ലാതെ തുടരുന്ന 
ഒന്നേയുള്ളൂ...
ഓര്‍മകളുമായുള്ള  പ്രണയം!


(ഈ കവിത ഞാന്‍ ചൊല്ലുവാന്‍ ശ്രമിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് താഴെ കേള്‍ക്കാവുന്നതാണ്.)

Tuesday, October 19, 2010

ഒരു കവിത കൂടി



എഴുതട്ടെ ഞാന്‍ ഒരിക്കല്‍ കൂടി,
ചത്ത ഹൃദയവും മഷിയുറഞ്ഞ മനീഷയുമായി 
നിരാശയുടെ വിളുമ്പില്‍ നിന്നും 
തെന്നിത്താഴെക്ക് പതിക്കും മുന്‍പ്
ശുഭ പ്രതീക്ഷയുടെ നക്ഷത്രത്തില്‍ നിന്നും
ആശാ കിരണം പോലൊരു കവിത!

കാലം കറുത്തിരുണ്ട മേഘങ്ങള്‍ 
കൂട്ടിയിട്ട മനസ്സും 
നിറഭേദങ്ങളുടെ ലോകത്ത് 
ഇരുനിറം മാത്രമുള്ള ഒരു മഴവില്ലുമായി
നിന്റെ ഛായാചിത്രം മാത്രം വര്‍ണപ്പൊലിമയോടെ 
എത്രനാള്‍...എത്രനാള്‍..ഇനിയും..?

കറുപ്പ് വെളുപ്പിന് വഴിമാറുകയും 
ഇരു നിറങ്ങള്‍ നിറങ്ങളുടെ ചേതോഹാരിതക്ക് 
വഴി മാറും വരെ എങ്കിലും?

Sunday, February 14, 2010

ഒരു വാലന്റൈന്‍ ഓര്‍മ!

ന്നും പ്രണയിതാക്കളുടെതായ ഒരു ദിനം ആയിരുന്നു!
കമിതാക്കള്‍ പരസ്പരം പൂ ചൂടിക്കുകയും
സ്നേഹോഷ്മളമായ നിമിഷങ്ങളെക്കുറിച്ച് പൊങ്ങച്ചം
പറഞ്ഞിരുന്നതുമായ ഒരു ദിനം!
നിറങ്ങളുടെയും ഐശ്വര്യത്തിന്റെയും
നീലക്കല്‍ ഗോപുരത്തില്‍നിന്നും
പട്ടുപാവാടയും ശിരസ്സില്‍ കനകമകുടവും ചൂടി
വെണ്ണക്കല്‍ പടവുകള്‍ ചവുട്ടി അവള്‍ ഇറങ്ങി വന്നു.
പ്രഭയുടെ റാണിയെ പോലെ!
എന്ന് ഞാന്‍ ശങ്കിച്ചു,
ഒരു നിമിഷം!
വശ്യമായ അവളുടെ മന്ദസ്മിതത്തില്‍
എന്റെ ശങ്കകള്‍ അസ്തമിച്ചു!
നിഴലും വെളിച്ചവും ഒരുമിച്ചു!
നിതാന്തതയും നിദ്രയും കൈകോര്‍ത്തു നിന്നു!
മാനം പട്ടുകരിമ്പടത്തില്‍
മിന്നും പൂക്കള്‍ ചൂടി നിന്നു!
രാത്രിയുടെ നേര്‍ത്ത കവിതാലാപം
കാതില്‍ അലയൊലികള്‍ തീര്‍ത്തു!
പ്രഭാതമായി!
പ്രകൃതിയുടെ ഗാന മഞ്ജരിയും
പ്രകാശത്തിന്റെ തുടിപ്പും
എന്നെ ഉണര്‍ത്തി!
പച്ചപ്പും പുഷ്പങ്ങളും
സംഗീതവും നിറഞ്ഞ ഒരിടത്തായിരുന്നു ഞാന്‍!
എന്റെ പ്രണയിനിയെ ഞാന്‍ അന്വേഷിച്ചു!
പക്ഷെ അവള്‍ പൊയ്ക്കഴിഞ്ഞിരുന്നു!
ഏതോ ഒരു നഷ്ട സ്വപ്നം പോലെ!




* ജോണ്‍ കീറ്റ്സ്
**
കീറ്റ്സിന്റെ പ്രശസ്തമായ 'ദയയില്ലാത്ത സുന്ദരിയായ സ്ത്രീ'. പുരുഷന്മാരെ മോഹ വലയില്‍ പെടുത്തി പിന്നീട് ഉപേഷിച്ച് കടന്നു കളയുന്ന ഒരു യക്ഷിണിയെക്കുറിച്ചുള്ള കവിത.


Tomz

Saturday, November 28, 2009

പ്രത്യാശയുടെ പുതിയ ഗീതം

ദു:ഖവും നിരാശയും
ചിന്താവിഷയമായിക്കഴിഞ്ഞു,
ഒരു പാട്...
തല നരക്കാനും മുഖം ചുളിക്കാനും
മാത്രമേ അതുപകരിക്കൂ!

ഇനി ഞാന്‍ ചിന്തിക്കുന്നത്
സന്തോഷത്തെക്കുറിച്ചാണ്,
സ്വാതന്ത്ര്യത്തെക്കുറിച്ചും ...

ഒരുപാട് ജ്ഞാനികള്‍ വന്നു
ദാര്‍ശനികന്മാരും,
ഒരിക്കലും പാടില്ലാത്ത ലാഘവത്തോടെ
അവര്‍ നശ്വരമെന്ന പദം
ഉപയോഗിച്ചു...

നശ്വരം,
ജീവിതം നശ്വരമാണത്രേ...!
സന്തോഷവും...
സംഗീതവും...
കലകള്‍ പോലും...!



താത്വികന്മാര്‍
ജനതയെ നിരാശരാക്കി..
ഒരു പാട് ...
വിഡ്ഢികള്‍ !

ആദ്യം സ്വന്തം ജീവിതത്തില്‍
സന്തോഷിക്കുക...
അഭിമാനം കൊണ്ട്
വീര്‍പ്പു മുട്ടുക...
നിങ്ങള്‍ നിങ്ങളായതിന്റെ
പിന്നിലെ ശക്തി...
അത് നിങ്ങള്‍ക്ക് പോലും
തിരിച്ചറിയാനാവാത്ത ഒന്നാണെന്ന്
മനസ്സിലാക്കുക!

ജീവിതത്തിന്റെ സമസ്ത ഭാവങ്ങളിലും
സന്തോഷിക്കുക,
ആനന്ദം കണ്ടെത്തുക,
പിറവിയെടുക്കുന്ന കുരുന്നിലകളിലും,
പക്ഷി ജാലങ്ങളുടെ
പ്രഭാത സംഗീതികകളിലും
പുലരികളെ നിറം പിടിപ്പിക്കുന്ന
മഞ്ഞു വീഴ്ചകളിലും
മഴവില്ലിന്റെ മനോഹാരിതയിലും
ആനന്ദിക്കുക...
ആനന്ദിക്കുക...

എന്തിന്...!
മാനുഷിക മൂല്യങ്ങളിലും,
അവന്റെ ഭാവങ്ങളിലും,
കോപത്തിലും,
ശാന്തതയിലും,
അസൂയയിലും,
കാപട്യത്തിലും,
ആനന്ദം കണ്ടെത്തുക...
എല്ലാം നിങ്ങളുടേതാണ്!



സ്വതന്ത്രനാവുക...
നിങ്ങളുടെ
ഉള്ളില്‍ ചുരുണ്ടിരിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ
പട്ടുടുപ്പിനെ
എടുത്ത്
പുറത്തണിയുക.
സ്വാതന്ത്ര്യത്തിന്റെ
സൗന്ദര്യം
നുകരുക
...!
സ്വപ്നം
കാണുക...

ജീവിതത്തിന്റെ സകല
മൃദുലതകളും നിറഞ്ഞ-
സകല നന്മകളും നിറഞ്ഞ -
പുഞ്ചിരിയുടെ സൗന്ദര്യം
നിങ്ങളില്‍ നിറഞ്ഞു നില്‍ക്കട്ടെ!

അനശ്വരതയെ സ്വപ്നം കാണുക...
ജീവിതം നിങ്ങളില്‍
തുടിച്ചു നില്‍ക്കണം !
ജീവിതത്തിന്റെ സൗന്ദര്യവും!

Thursday, September 10, 2009

ഒരു ഏകാന്ത ബ്ലോഗ്ഗറിന്റെ വിലാപങ്ങള്‍


എഴുതി ഞാന്‍ ഏറെ നാള്‍
കവിതയോ അതോ ജല്പനങ്ങലോ?
ഏതായാലും അതില്‍ സ്വപ്‌നങ്ങള്‍
ഉണ്ടായിരുന്നു,
സങ്കല്പങ്ങളും അനിയന്ത്രിതമായ
വാചക പെരുമഴകളും...
നിമീലിതമായ കണ്ണുകളില്‍
നീര്‍ത്തുള്ളികള്‍ നിറഞ്ഞിരുന്നു.
ചിലപ്പോള്‍ സങ്കല്‍പ്പങ്ങള്‍
തണുത്തുറഞ്ഞ ഹിമാംശുക്കളില്‍
ചെന്നിരുന്നു.
മറ്റു ചില നേരങ്ങളില്‍,
ഇളം കാറ്റ് നേര്‍ത്ത വിരല്‍ കൊണ്ട്
ഇക്കിളി ആക്കുന്ന മലയോരങ്ങളിലും
എന്റെ സ്വപ്‌നങ്ങള്‍
കൂട് കൂട്ടിയിരുന്നു.
പച്ചപ്പ്‌ നിറഞ്ഞ
ഹരിത ഭൂമികളില്‍
കൂട് വക്കുന്നതിനെക്കുറിച്ചു
എല്ലായ്‌പോഴും എെന്റ മനസ്സ്
കിനാവ് കണ്ടിരുന്നു.

എന്നാല്‍..
അതൊന്നുമല്ല ഇപ്പോഴത്തെ
ഭീഷണമായ പ്രശ്നം
"ബൂലോകം നിറഞ്ഞു കിടക്കുന്ന
പ്സ്യൂഡോ ബ്ലോഗ്ഗര്‍മാരെ
ഷെയിം ഓണ്‍ യു !"
ഇത്രയുമായിട്ടും
ഒരുത്തനെങ്കിലും ചോദിച്ചോ
എന്താണീ 'സ്വപ്നേയം' എന്ന് ?

Tomz


Thursday, August 13, 2009

ബാല്യം സുന്ദരം

ജീവിതത്തിലെ സുന്ദര ഘട്ടങ്ങളില്
ഏറ്റം മഹത്തരമേത്?
ചിലര്‍
പറയും യൌവനമെന്നു!
യൌവനം
വെറും ചാപല്യം,
വെറും
തോന്നല്‍!
വസന്തകാലമെന്നു
പറയാം .
ചിലര്‍ക്കത്
വാര്ധക്യമാകാം !
നരച്ച
മുടി മഹത്വത്തെക്കുറിക്കുന്നു !
പക്ഷെ
അത് പലപ്പോഴും
ഒറ്റപ്പെടലിന്റെയും

തീരാദുഖത്തിന്റെയും

കാലമാകാറാണ്
പതിവ്!

എനിക്ക്
തോന്നുന്നു ...
ബാല്യമാണ്
ഏറ്റവും മനോഹരം
ഏറ്റവും
മഹത്വമേറിയതും.
നിഷ്കളങ്കതയും
നൈര്‍മല്യവും
അതിന്റെ
സവിശേഷതകള്‍ !
ഒരു
ഞെട്ടില്‍ വിരിഞ്ഞ
രണ്ടു
പുഷ്പങ്ങള്‍ !
പക്ഷെ
അത്ഭുതം !
കുട്ടികള്‍

ബാല്യത്തിന്റെ
മഹാത്മ്യമറിയുന്നില്ല!
അവര്‍ക്ക്
വളരാനും,
വലുതാവാനും
താത്പര്യം .
ബാല്യം
ആസ്വദിക്കപെടുന്നത്
അവര്‍
അറിയുന്നില്ല

മുതിരുമ്പോള്‍
അവരോര്മിക്കും
നഷ്ടബോധത്തോടെ
!
ബാല്യം
എത്ര മനോഹരമായിരുന്നു !
എത്ര
മഹത്തരവും !



Tomz

Wednesday, September 10, 2008

അക്കരപ്പച്ച

ജീവിതം ഒരു അക്കരപച്ച്ചയാണ്
ഇഷ്ടപ്പെട്ടത്
തേടിയുള്ള യാത്ര
സന്തോഷിക്കുമ്പോള്‍

ദുഖിതരോട്
സഹതാപം
ദുഖിക്കുമ്പോള്‍
സന്തോഷത്തിനായുള്ള
വേവലാതിയും
അകലെ
ആയിരിക്കുമ്പോള്‍ ഗൃഹാതുരത്വം !
പ്രിയമുള്ളവരുടെ
അടുക്കലോ അന്യതാബോധവും !
ജീവിതം
ഒരു അക്കരപച്ച തന്നെ !
അതിനെ
ആസക്തിയോടെ കാണുന്നത്
വിഡ്ഢിത്തമാണ്

അപകടവും
!
ജീവിതത്തില്‍
ഒരു സാഹസികനാവുക !
ഒരു
പരീക്ഷണശാലിയും ..
വിശ്വസിക്കേണ്ടത്
ഒന്നുമില്ല !
സ്നേഹിക്കേണ്ടവര്‍
ആരുമില്ല !
നമുക്കാവശ്യം
സ്വാതന്ത്ര്യമാണ്
എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം
പ്രതിഛായകളിലും
സങ്കല്പങ്ങളിലും
അതിനെ
ഒതുക്കുവാന്‍
ഞാന്‍
ഒരുക്കമല്ല!
ഒരിക്കലും
...!
Tomz